ശ്രീ കൃഷ്ണൻ
ഉപനിഷത് മന്ത്രം
ഓം സച്ചിതാനന്ദ രൂപായ കൃഷ്ണായാക്ളിഷ്ടകാരിണെ
നമോ വേദാന്തവേദ്യായ ഗുരവേ ബുദ്ധിസാക്ഷിണേ [ഗോപാലപൂർവവതാപിന്യുപനിഷത്ത്, ശ്ളോകം 1 , പ്രഥമ ഭാഗം]
(ഭാഷ അർത്ഥം) ഓംകാരമായ പ്രണവസ്വരൂപനും സച്ചിതാനന്ദമൂർത്തിയും ആയ കൃഷ്ണനാകുന്ന പരമാത്മാവ് എപ്പോഴും പരമാനന്ദം പ്രദാനം ചെയ്യുന്നവനാകുന്നു . വേദാന്ത വേദ്യനും സർവ്വരുടേയും ബുദ്ധിക്കു സാക്ഷിയും , വിശ്വഗുരുവുമായ അദ്ദേഹത്തിനു നമസ്കാരം .
നിരുക്തം
സംസ്കൃതനാമവിശേഷണ പദമായ കൃഷ്ണ (kṛṣṇa) എന്നതിന്റെ അർത്ഥം ഇരുണ്ടത് അഥവാ കറുത്തത് എന്നാണ്. ഋഗ്വേദത്തിൽ രാത്രി, തമസ്സ്, ഇരുട്ട് എന്നീ അർത്ഥങ്ങൾ ധ്വനിപ്പിക്കാനാണ് കൃഷ്ണ എന്ന നാമം ഉപയോഗിച്ചിരിക്കുന്നത്. RV 4.16 ൽ കൃഷ്ണ എന്നത് ഇരുട്ട് പരത്തുന്ന രാക്ഷസരൂപത്തെ പ്രതിനിധീകരിക്കുന്നു. RV 8.85.3 ലാണ് കൃഷ്ണ എന്നത് വ്യക്തമായ ഒരു നാമരൂപത്തെ സൂചിപ്പിക്കുന്നത്. ഇവിടെ കൃഷ്ണൻ എന്നത് ഒരു കവിയാണ്. ലളിതവിസ്താര സൂത്രത്തിൽ (Lalitavistara Sutra ) ബുദ്ധന്റെ ശത്രുക്കളായ തമോമൂർത്തികളിൽ മുഖ്യന്റെ പേര് കൃഷ്ണൻ എന്നാണെന്നു കാണാം[1]വിഷ്ണുസഹസ്രനാമത്തിൽ അൻപത്തിയേഴാമത്തെ പര്യായമായി കൃഷ്ണൻ എന്ന പദം ചേർത്തിട്ടുണ്ട്. കറുത്തനിറത്തോടുകൂടിയ മൂർത്തികളെയെല്ലാം കൃഷ്ണൻ എന്ന പേരിൽ സൂചിപ്പിക്കാം. വല്ലഭ സമ്പ്രദായത്തിൽ(Vallabha sampradaya) ബ്രഹ്മസംബന്ധമന്ത്രയിൽ വ്യക്തികൾക്കോ വസ്തുക്കൾക്കോ സംബന്ധിച്ച പാപത്തെ മാറ്റാനുള്ള ശക്തിയെ കൃഷ്ണൻ എന്ന പദത്തിൽ അഭിസംബോധന ചെയ്യുന്നു.[2] മഹാഭാരതം ഉദ്യോഗപർവ്വത്തിൽ(Mbh 5.71.4) കൃഷ്(kṛṣ) എന്നും ണ(ṇa) എന്നുമുള്ള മൂലങ്ങളായി കൃഷ്ണൻ എന്ന പദത്തെ വിഭജിച്ചിരിക്കുന്നു. കൃഷ് എന്ന പദമൂലത്താൾ ഉഴുവുക എന്നു പ്രക്രിയയേയും, ണ എന്നതിനാൽ പരമാനന്ദം(നിർവൃതി) എന്നതിനേയും സൂചിപ്പിക്കുന്നു. കൃഷ്ണൻ എന്ന പദത്തെ ആകർഷിക്കുക എന്നർത്ഥമുള്ള കർഷ് ധാതുവായി വിഭജിച്ചിരിക്കുന്നതായി പലയിടത്തും കാണാം. ഇതിൻ പ്രകാരം കൃഷ്ണൻ എന്ന പദത്താൽ എല്ലാവരേയും ആകർഷിക്കുന്നവൻ എന്ന അർത്ഥത്തെ കുറിക്കുന്നു.[3] [4] കൃഷ്ണന്റെ ഈ പ്രത്യേകത ഭാഗവതത്തിന്റെ ആത്മരാമപാദത്തിൽ (Bhagavatam 1.7.10) കാണാൻ കഴിയും.[5] ആദിശങ്കരന്റെ വിഷ്ണുസഹസ്രനാമ വ്യാഖ്യാനത്തിൽ പരമാനന്ദത്തിന്റെ ഇരിപ്പിടം എന്ന വിവക്ഷയാണ് കൃഷ്ണനു നൽകിയിരിക്കുന്നത്.[6]
കൃഷ്ണൻ തന്റെ കഥകളുമായി ബന്ധപ്പെട്ട് പലയിടങ്ങളിൽ പല പേരുകളിൽ അറിയപ്പെടുന്നു. ഇവയിൽ ഗോപാലൻ (ഗോക്കളുടെ(പശു) സംരക്ഷകൻ) ഗോവിന്ദൻ (ഗോക്കളുടെ ഉദ്ധാരകൻ) എന്നിവ കുട്ടിക്കാലവുമായി ബന്ധപ്പെട്ടവയാണ്. ഇവയെക്കൂടാതെ കേശവൻ, പാർത്ഥസാരഥി മുതലായ മറ്റ് നിരവധി നാമങ്ങളിലും കൃഷ്ണൻ പ്രസിദ്ധനാണ്.[7][8]
ബിംബവർണ്ണന
ഹിന്ദുമതപ്രകാരമുള്ള ദൈവരൂപങ്ങളിൽ കൃഷ്ണൻ, ജനങ്ങൾക്ക് ഏറ്റവും സ്വീകാര്യമായി മാറിയത് രൂപസൗകുമാര്യം മൂലമാണ്. പ്രാചീന കലാരൂപങ്ങളിൽ കൃഷ്ണനെ ഇരുണ്ട വർണ്ണത്തോടു കൂടിയവനായി ചിത്രീകരിച്ചിട്ടുണ്ടെങ്കിലും മിക്ക ആധുനിക ചിത്രങ്ങളിലും പ്രതിമകളിലും കൃഷ്ണൻ നീല വർണ്ണത്തോടു കൂടിയവനാണ്. മഞ്ഞ വർണ്ണത്തോടു കൂടിയ പട്ടു ചേലയും മയിൽപ്പീലി കിരീടവും കൃഷ്ണരൂപത്തിന്റെ പ്രത്യേകതകളാണ്. ബാല്യകാല രൂപങ്ങളിൽ ഓടക്കുഴലൂതുന്ന ഗോപാലരൂപവും
[9][10], വെണ്ണകട്ടുതിന്നുന്ന രൂപവുമാണ് അധികമായി ആവിഷ്കരിക്കപ്പെട്ടിരിക്കുന്നത്. ഗോപാലരൂപത്തിൽ മിക്കപ്പോഴും ഒരുകാൽ മറ്റൊന്നിനു മുൻപിലേക്ക് കയറ്റിവച്ച്, ഓടക്കുഴൽ ചുണ്ടോടു ചേർത്ത് വച്ച്, കാലിക്കൂട്ടത്തോടൊപ്പമോ ഗോപികവൃന്ദത്തോടൊപ്പമോ നിൽക്കുകയായിരിക്കും.
കുരുക്ഷേത്രയുദ്ധസമയത്ത് അർജ്ജുനന് ഗീതോപദേശം നൽകുന്ന രംഗം ധാരാളം കലാനിർമ്മിതികൾ ആധാരമായതാണ്. ഇവയിൽ മിക്കപ്പോഴും കൃഷ്ണനെ സാധാരണ മനുഷ്യരൂപത്തിലുള്ള ഒരു തേരാളിയായാണ് ചിത്രീകരിക്കുക. എന്നാൽ ചിലപ്പോൾ ഹിന്ദു ദൈവസങ്കല്പങ്ങൾക്കനുസരിച്ച് ചിലപ്പോൾ ബഹു ഹസ്തവും വൈഷ്ണവാംശത്തെക്കാട്ടുന്ന സുദർശ്ശനചക്രമോ വിരാട് പുരുഷരൂപമോ കാണാം. ഉത്തർപ്രദേശിലെ മിർസാപ്പൂരിലെ ഗുഹയിൽ 2800 വർഷം പഴക്കമുള്ള കുതിരയെ തെളിക്കുന്ന കൃഷ്ണരൂപത്തോടു കൂടിയ ചിത്രം കണ്ടെത്തിയിട്ടുണ്ട്.[11] ക്ഷേത്രരൂപങ്ങളിൽ മിക്കപ്പോഴും കൃഷ്ണനെ കൂട്ടാളികളായ ബലരാമൻ, രുക്മിണി, സത്യഭാമ എന്നിവരോടൊപ്പമായിരിക്കും ചിത്രീകരിക്കുക.[12]
മണിപ്പൂരി വൈഷ്ണവർ, രാധാകൃഷ്ണരൂപത്തിലുള്ള കൃഷ്ണനെയാണ് ആരാധിക്കുന്നത്.[13] ഇവരുടെ കലാസൃഷ്ടികളിൽ കൃഷ്ണനും രാധയ്ക്കും തുല്യ പ്രാധാന്യം നൽകി വരാറുണ്ട്. ബാലകൃഷ്ണരൂപത്തിലുള്ള(bāla kṛṣṇa) ആവിഷ്കാരത്തിൽ വെണ്ണ കട്ടുതിന്നുന്ന രൂപത്തിലാണ് കണ്ടുവരുന്നത്. ഇത് ചിലപ്പോൾ ബലരാമനോടൊപ്പം ഓടിക്കളിക്കുന്ന ഭാവത്തിലോ മുട്ടുകാലിൽ ഇഴയുന്ന ഭാവത്തിലോ ആയിരിക്കും. ആലിലയിൽ കിടന്ന് കാലിലെ പെരുവിരൽ കുടിക്കുന്ന വിധത്തിലുള്ള ബാലകൃഷ്ണരൂപവും കാണപ്പെടുന്നുണ്ട്
ജീവിതം
താഴെ പറയുന്ന ആഖ്യാനങ്ങൽ ഭാഗവതപുരാണം, മഹാഭാരതം, ഹരിവംശം, വിഷ്ണുപുരാണം എന്നിവയെ അടിസ്ഥാനപ്പെടുത്തിയുള്ളതാണ്. ഇവയിൽ മിക്കവയും ഇന്ന് ഉത്തരേന്ത്യയിൽ, പ്രധാനമായും ഉത്തർപ്രദേശ്, ബീഹാർ, ഹരിയാന, ഡൽഹി, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളിൽപ്പെടുന്നു.
ജനനം
പരമ്പരാഗത വിശ്വാസപ്രമാണവും ജ്യോതിഷകല്പനകളുമനുസരിച്ച് കൃഷ്ണന്റെ ജനനം ക്രിസ്തുവിനു മുൻപ് 3228 ജൂലൈ 08 നാണ്.[14][15] [16] ഈ ദിവസം ജന്മാഷ്ടമി എന്ന പേരിലറിയപ്പെടുന്നു.[17] കൃഷ്ണൻ മഥുരയിലെ രാജകുടുംബാഗത്തിലെ വസുദേവരുടേയും ദേവകിയുടേയും എട്ടാമത്തെ പുത്രനായി ജനിച്ചു. മഥുര കൃഷ്ണന്റെ മാതാപിതാക്കളുൾപ്പെടുന്ന യദുവംശത്തിന്റെ(യാദവന്മാർ) തലസ്ഥാനമാണ്. ദേവകിയുടെ സഹോദരനായ[18] കംസൻ പിതാവായ ഉഗ്രസേന മഹാരാജാവിനെ തടവിലാക്കി അധികാരം പിടിച്ചെടുത്തു. വിവാഹഘോഷയാത്രസമയത്ത് ദേവകിയുടെ എട്ടാമത്തെ പുത്രൻ തന്നെ കൊല്ലുമെന്ന അശരീരി കേട്ട കംസൻ ദേവകിയേയും ഭർത്താവ് വസുദേവരേയും തടവിലാക്കുന്നു. തുടർന്ന് ദേവകി പ്രസവിച്ച എട്ട് കുട്ടികളേയും കംസൻ നിഷ്കരുണം വധിക്കുന്നു. ഏഴാമത്തെ പുത്രനായ ബലരാമന്റെ ഗർഭം ദേവകിയുടെ ഉദരത്തിൽ നിന്നും രോഹിണിയിലേക്ക് മാറ്റപ്പെടുകയാണുണ്ടായത്. ചിങ്ങമാസത്തിലെ അഷ്ടമിരോഹിണി നാളിലാണ് ശ്രീകൃഷ്ണന്റെ ജനനമെന്നാണ് ഐതിഹ്യം. അലറി പെയ്യുന്ന പേമാരിയും, അഗ്നിത്തൂണുകൾപ്പോലെ പ്രകമ്പനംകൊണ്ട ഭൂമിയും, അരിച്ചിറങ്ങുന്ന കോടമഞ്ഞും, ആടിത്തിമർക്കുന്ന കൊടുംകാറ്റും കൂടിയ ഒരു ഘോരരാത്രിയിലാണ് ദേവകിവസുദേവന്മാരുടെ പുത്രനായി ഭഗവാൻ മഹാവിഷ്ണുസമ്പൂർണ്ണാവതാരമായി കൃഷ്ണന്റെ രൂപത്തിൽ പിറവി കൊണ്ടത്.
കൃഷ്ണജനനം നടന്ന ഉടൻ തന്നെ വസുദേവർ, അമ്പാടിയിലുള്ള നന്ദഗോപരുടേയും യശോദയുടേയും അടുത്ത് കുട്ടിയെ എത്തിക്കുന്നു.[19] ഇതേത്തുടർന്ന് കൃഷ്ണനും ബലരാമനും(ദേവകിയുടെ ഉദരത്തിൽ നിന്നും രോഹിണിയിലേക്കു മാറ്റിയ ഗർഭം) സുഭദ്രയും(കൃഷ്ണനു ശേഷം ഉണ്ടായ നന്ദഗോപരുടേയും ദേവകിയുടേയും പുത്രി) രക്ഷപ്പെടുന്നു. ഭാഗവതപുരാണപ്രകാരം ശ്രീകൃഷ്ണ ജനനം ദേവകിയുടേയും വസുദേവരുടേയും മാനസികസംയോഗം മൂലമാണ് ഉണ്ടായത്.[17][20][21]
കൃഷ്ണോപനിഷത്തിൽ ഭഗവാൻ കൃഷ്ണനെ ശ്രീരാമദേവന്റെ പുനരവതാരമായി പറഞ്ഞിരിക്കുന്നു .സച്ചിതാനന്ദനായ ശ്രീരാമദേവനെ കണ്ട് വനവാസികളായ മുനിമാർ അദ്ദേഹത്തോട് ഇങ്ങനെ പറഞ്ഞു . അങ്ങ് ആജ്ഞാപിക്കുകയാണെങ്കിൽ ഞങ്ങൾ ഇനിയും ഭൂമിയിൽ ജന്മമെടുക്കാം . ഗോപന്മാരായും ഗോപികമാരായും ജനിക്കാൻ ഞങ്ങളെ അനുഗ്രഹിക്കണം . അങ്ങയുടെ സാമീപ്യവും ശരീരസ്പര്ശവും കൊണ്ട് പരമാനന്ദം അനുഭവിക്കാൻ ഞങ്ങൾക്ക് ഭാഗ്യമുണ്ടാകണം . അതനുസരിച്ചു മുനിജനങ്ങൾ ഗോപാലന്മാരായും , മുനിപത്നിമാർ ഗോപികകളായും , കശ്യപമുനി വസുദേവനായും , അദ്ദേഹത്തിൻറെ ഭാര്യയായ അദിതി ദേവകിയായും ജനിച്ചു . [ കൃഷ്ണോപനിഷത്ത് , പദ്യം 1 ]. ഇത് കൂടുതൽ യുക്തിക്കു യോജിക്കുന്നതുമാണ് . കാരണം ഒരിക്കൽ ഹനുമാന് ശ്രീകൃഷ്ണൻ തന്റെ രാമഭാവം കാണിച്ചു കൊടുക്കുന്നുണ്ട് . ആ സമയം രുക്മിണിയായിരുന്നു സീതാഭാവം കൈകൊണ്ടത് . രുക്മിണി സാക്ഷാൽ ലക്ഷ്മീദേവിയുമാണല്ലോ . സീതയും ലക്ഷ്മിയുടെ അംശമായിരുന്നു .ശ്രീരാമദേവൻ വിഷ്ണുവിന്റെ അവതാരവുമാണ് .
കുട്ടിക്കാലവും യൗവനവും
വൃന്ദാവനത്തിലെ ഗോപാലന്മാരുടെ(കാലിയെ വളർത്തുന്നവർ) നേതാവാണ് നന്ദഗോപർ. കൃഷ്ണനെ കുട്ടിക്കാലത്തെപ്പറ്റിയുള്ള കഥകളിൽ കൃഷ്ണന്റെ ഗോപാല ജീവിതവും[22], വെണ്ണക്കള്ളനായി മാറുന്നതും, കംസനയച്ച പൂതനയേയും ശകടാസുരനേയും പോലുള്ള രാക്ഷസന്മാരെ നിഗ്രഹിക്കുന്നതിനേയും പറ്റി വർണ്ണിച്ചുകാണാം.യമുന(കാളിന്ദി) വിഷമയമാക്കി കാലിക്കൂട്ടങ്ങളുടെ മരണത്തിനിടയാക്കിയ കാളിയൻ എന്ന സർപ്പശ്രേഷ്ഠനെ മർദ്ദിച്ചതും കൃഷ്ണന്റെ ബാല്യകാലകഥകളിൽ പ്രമുഖമാണ്. ക്ഷേത്രകലാരൂപങ്ങളിൽ കാളിയമർദ്ദനം വളരെ വിശേഷപ്പെട്ട സന്ദർഭമാണ്. ഇന്ദ്രന്റെ അഹങ്കാരം ശമിപ്പിക്കാൻ വേണ്ടി ഗോവർദ്ധനപർവ്വതത്തെ കൃഷ്ണൻ ഉയർത്തിയതായും വിശ്വസിക്കുന്നു.
ജയദേവകവികളുടെ ഗീതാഗോവിന്ദത്തിൽ കൃഷ്ണനും ഗോപികമാരും (പ്രധാനമായും രാധ) തമ്മിലുള്ള രാസലീലയെ വളരെയധികം പ്രേമോദാത്തമായി അവതരിപ്പിക്കുന്നു. രാധാകൃഷ്ണസങ്കല്പത്തിലധിഷ്ഠിതമായി ഭക്തിപ്രസ്ഥാനത്തെ കെട്ടിപ്പടുക്കുന്നതിൽ ഇവ വളരെയധികം പങ്ക് വഹിച്ചിട്ടുണ്ട്.[23]
അവതാരലക്ഷ്യം
ഭഗവാൻ വിഷ്ണു മനുഷ്യ ലോകത്തിൽ നന്മയ്ക്കു അപചയം സംഭവിക്കുമ്പോൾ ധർമ്മ സംരക്ഷണത്തിനായി അവതരിക്കുന്നു. ഭൂമിദേവിയുടെ അപേക്ഷ പ്രകാരം മർത്യ ലോകത്തെ ശുദ്ധീകരിച്ചു ധർമ്മം പുനഃസ്ഥാപിക്കാൻ ഭഗവാൻ അവതരിച്ചു.
ത്രേതായുഗത്തിൽ ശ്രീരാമാവതാരം കഴിഞ്ഞയുടനെ ദ്വാപരയുഗം ആഗതമായി . ആ സമയത്ത് മുൻപ് നടന്ന ഒരു ദേവാസുരയുദ്ധത്തിൽ കൊല്ലപ്പെട്ട അസുരന്മാരെല്ലാം ഭൂമിയിൽ വന്നു പിറന്നു . അവരിൽ പലരും മഹാശക്തന്മാരും അസംഖ്യം സൈന്യബലമുള്ളവരുമായിരുന്നു . പുത്രപൗത്രാദികളാൽ അവർ തങ്ങളുടെ വംശം വർദ്ധിപ്പിച്ചു . അവർ കോടികളായും ശതകോടികളായും സഹസ്രകോടികളായും അംഗസംഖ്യ പെരുകി . ലോകത്തിനു അഥവാ ഭൂമീദേവിക്ക് അവർ ഒരു ഭാരമായി ഭവിച്ചു . കോടിക്കണക്കിനു വരുന്നതായ അവരുടെ സൈന്യങ്ങൾ ഭൂമിയിൽ തന്നിഷ്ടം പോലെ തിമിർത്തു വിളയാടി . മനുഷ്യരിലെന്നല്ല മൃഗ - തിര്യക്കുകളിലും അസുരന്മാർ ജന്മം കൊണ്ടു . അവർ ഭൂമിയെ അധർമ്മമായ മാർഗ്ഗത്തിൽ അനുഭവിക്കുകയും ലോകത്തിനു അത്യന്തം പീഢയുണ്ടാക്കുകയും ചെയ്തുകൊണ്ടിരുന്നു . ഇത് കാരണം വസുന്ധര ക്ഷീണിതയായി ഭവിച്ചു .ഭൂമിയിലെ വിഭവങ്ങളെല്ലാം അസുരന്മാർ കൊള്ളചെയ്തു . ഇത്തരത്തിലായപ്പോൾ ക്ഷത്രിയവർഗ്ഗത്തിൽ ജന്മം കൊണ്ട ഈ അസുരന്മാർ ശെരിക്കും ഭൂമിക്കൊരു ഭാരമായി മാറി . ഈ അസുരന്മാരിലൊക്കെ ഏറ്റവും പ്രധാനിയാകട്ടെ , കാലനേമി എന്ന അസുരന്റെ അംശത്തിൽ ജനിച്ച കംസൻ എന്നൊരുവനായിരുന്നു . യദുവംശത്തിലെ ഉഗ്രസേനന്റെ പുത്രനായ ഇദ്ദേഹത്തിന് അതിവിപുലമായ ഒരു സൈന്യമുണ്ടായിരുന്നു . ആ സൈന്യത്തിൽ പ്രസിദ്ധരായ പല പല അസുരന്മാരുമുണ്ടായിരുന്നു . അരിഷ്ടൻ കേശി തുടങ്ങിയ ആയിരിക്കണക്കിനു അസുരന്മാർ കംസനെ സേവിച്ചു പൊന്നു . ഇത്തരത്തിൽ കംസൻ ആരാലും എതിർക്കപ്പെടാനാകാത്തവനും അതിശക്തനായ നേതാവുമായി ഭൂമി ഭരിച്ചു . അവന്റെ നേതൃത്വത്തിൽ ഭൂമിയിൽ അസുരന്മാരായവരെല്ലാം തോന്നിയ മട്ടിൽ വിഹരിക്കുകയും പാപം പ്രവർത്തിക്കുകയും ചെയ്തുപോന്നു . ഇങ്ങനെയായപ്പോൾ ഭൂമീദേവി ഒരു ഗോവിന്റെ രൂപത്തിൽ ദേവലോകത്ത് പോയി തന്റെ ദുരിതം ദേവന്മാരെ അറിയിച്ചു . ദേവന്മാർ ഭൂമിയേയും കൂട്ടി ബ്രഹ്മലോകത്തെത്തുകയും ബ്രഹ്മാവിനെ കണ്ട് തങ്ങളുടെ പ്രശ്നം ബോധ്യപ്പെടുത്തുകയും ചെയ്തു . എന്നാൽ ബ്രഹ്മാവ് കംസനു വരം നല്കിയിട്ടുള്ളതിനാൽ തനിക്കു അയാളെ വധിക്കുവാൻ സാധിക്കില്ലെന്ന് പറഞ്ഞു . തുടർന്ന് അവരെല്ലാം കൂടി പാലാഴിയിൽ പോയി വിഷ്ണുവിനെ കണ്ടു . വിഷ്ണു അവരുടെ ആവലാതികൾ കേൾക്കുകയും , താൻ ഭൂമിയിൽ അവതരിച്ച് ലോകോപകാരാർത്ഥം അസുരന്മാരെ നിഹനിക്കുമെന്നും ഭൂമിയുടെ അമിതഭാരം കുറയ്ക്കുമെന്നും അറിയിച്ചു . ദേവന്മാരെക്കൂടി അദ്ദേഹം ഭൂമിയിലേക്ക് ക്ഷണിച്ചു . തന്റെ അവതാരസമയത്ത് തന്നോടൊപ്പം നിന്ന് സഹകരിക്കാനായിരുന്നു അത് . എന്തും ഒറ്റയ്ക്ക് ചെയ്യുവാൻ കഴിവുള്ളവനാണ് ഈശ്വരൻ . അദ്ദേഹം വൈകുണ്ഠത്തിൽ വിഷ്ണുവായും , കൈലാസത്തിൽ ശിവനായും,സത്യലോകത്തു ബ്രഹ്മാവായും വർത്തിക്കുന്നു . എങ്കിലും തന്റെ അവതാരത്തെ വിപുലപ്പെടുത്തുവാനായും , ദേവന്മാരുടെ സന്തോഷത്തിനായും അദ്ദേഹം അവരെക്കൂടി ഭൂമിയിലേക്ക് ക്ഷണിച്ചുവെന്നു ഹരിവംശത്തിൽ വ്യാസമുനി പറയുന്നു . അത്തരത്തിൽ മഹാവിഷ്ണു ശ്രീകൃഷ്ണനായി മായാപുരുഷനായി അവതരിച്ചു . ദേവന്മാരെല്ലാം അദ്ദേഹത്തിൻറെ സഹായികളായി അതാത് രാജകുലങ്ങളിൽ അവതാരമെടുത്തു .[ഹരിവംശം , ഹരിവംശപർവ്വം , അദ്ധ്യായങ്ങൾ 51 മുതൽ 55 വരെ (രത്നച്ചുരുക്കം)].
കംസനും കൃഷ്ണനും
ശ്രീകൃഷ്ണന്റെ ജ്യേഷ്ഠന്മാരായ ആറു പേരെയും കംസൻ വധിച്ചു . ഏഴാമത്തെ ഗർഭം അലസിയതായി കംസൻ വിചാരിച്ചു . എട്ടാമത്തെ ഗർഭത്തിൽ കൃഷ്ണൻ പിറവിയെടുത്തു . ആ സമയം ശംഖു -ചക്ര-ഗദാ-പദ്മ ധാരിയായി നാല് തൃക്കൈകളോടെ ആണ് അദ്ദേഹം ദേവകിക്കും വസുദേവർക്കും പ്രത്യക്ഷനായത് . അപ്പോൾ ഭഗവാൻ വാസുദേവരോട് ഇങ്ങനെ പറഞ്ഞു .
"മുൻപ് കൃതയുഗത്തിൽ കശ്യപനും അദിതിയുമായിരുന്ന നിങ്ങൾ വിഷ്ണുവാകുന്ന എന്നെ ആരാധിച്ചു . അതനുസരിച്ചു ഞാൻ നിങ്ങളുടെ പുത്രനായി മനുഷ്യശിശുവായി ജനിക്കുവാൻ പോകുകയാണ് . അമ്പാടിയെന്ന ദേശത്ത് നന്ദഗോപരുടെ ഗൃഹത്തിൽ ഒരു പെണ്‍കുട്ടി ജനിച്ചിട്ടുണ്ട് . താങ്കൾ വേഗം അവിടെയെത്തി ആ കുഞ്ഞിനെ ഇവിടേയ്ക്ക് കൊണ്ട് വന്നിട്ട് പകരം എന്നെ അവിടെയെത്തിക്കുക . ഇത്തരത്തിലായാൽ കംസൻ വിഡ്ഢിയാക്കപ്പെടും ."
തുടർന്ന് ശ്രീകൃഷ്ണന്റെ ദിവ്യതയാൽ കാരാഗൃഹത്തിലെ തടവുകാരും കംസനും ഉറങ്ങുകയും , തകൃതിയായി മഴ പെയ്യുകയും ചെയ്തു . വസുദേവരെ ബന്ധിച്ചിരുന്ന ചങ്ങലകൾ അഴിയുകയും , കാരാഗൃഹത്തിന്റെ വാതിൽ ദൈവശക്തികൊണ്ടു തുറക്കുകയും ചെയ്തു . കൃഷ്ണനെയുമെടുത്തു പുറത്തിറങ്ങിയ വസുദേവൻ നിമിഷങ്ങൾ കൊണ്ട് നടന്നു യമുനാ തീരത്തെത്തിയപ്പോൾ നദി വഴി മാറിക്കൊടുത്തു . അനന്തനാഗം കൃഷ്ണന് മഴയേൽക്കാതെ കുടയായി നിന്നു . തുടർന്ന് അംബാഡിയിലെത്തിയ വസുദേവൻ യശോദാദേവിയുടെ കിടപ്പറയിലെത്തി അവിടെക്കിടന്നിരുന്ന ദേവിയുടെ അംശമായ പെണ്ശിശുവിനെ എടുത്തുകൊണ്ടു പോരുകയും പകരം കൃഷ്ണനെ യശോദയുടെ ചാരത്തു കിടത്തുകയും ചെയ്തു . തിരിച്ചെത്തിയ വസുദേവൻ കംസന്റെ കാരാഗൃഹത്തിലെത്തി യശോദയുടെ മകളെ ദേവകിയുടെ അടുക്കൽ കിടത്തി . [ഭാഗവതം ദശമസ്കന്ധം അദ്ധ്യായം 3].
തുടർന്നു കൃഷ്ണനെന്ന് കരുതി ദേവകിയുടെ അടുത്തു കിടന്ന പെണ്‍കുട്ടിയെ കംസൻ വധിക്കാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല . ലോകമാതാവായ കാളിയായിരുന്നു അത് . തുടർന്ന് യോഗമായ കൃഷ്ണന്റെ ജന്മവൃത്താന്തം കംസനെ അറിയിച്ചിട്ട് മറഞ്ഞു . കംസൻ ഭയചകിതനായി . തുടർന്നു കൃഷ്ണന്റെ വിവരങ്ങൾ നാരദനിൽ നിന്നും ഏതാണ്ടൊക്കെ മനസ്സിലാക്കിയ കംസൻ , കൃഷ്ണൻ അമ്പാടിയിൽ വളരുന്ന കാര്യം ചാരന്മാരിൽ നിന്നും മനസ്സിലാക്കി . അതിനു ശേഷം കൃഷ്ണനെ വധിക്കാനായി അനേകം ദുഷ്ടശക്തികളെ കംസൻ നിയോഗിച്ചു . പൂതന , ശകടാസുരൻ , തൃണാവർത്തന , അഘാസുരൻ , വല്സാസുരൻ , ബകാസുരൻ തുടങ്ങി അനേകരെ അയയ്ച്ചെങ്കിലും കൃഷ്ണൻ അവരെയെല്ലാം കൊന്നു . തുടർന്ന് കംസൻ ചാപപൂജ എന്ന വ്യാജേന കൃഷ്ണനെ ക്ഷണിക്കാൻ അക്രൂരനെ അയച്ചു . ഭക്തനായ അക്രൂരൻ കൃഷ്ണനെ അമ്പാടിയിൽ വന്നു കണ്ടു കംസന്റെ ദുഷ്ടതയെക്കുറിച്ചു അറിയിച്ചു . തുടർന്ന് അക്രൂരനോടോപ്പം കംസന്റെ രാജധാനിയിലെത്തിയ കൃഷ്ണനും ബലരാമനും രജകവധം ,മല്ലന്മാരുടെ വധം , ത്രിവക്രയുടെ കൂനു നിവർത്തുക , ചാപഭഞ്ജനം തുടങ്ങിയ അത്ഭുതങ്ങൾ പ്രവർത്തിച്ചു . അതിനു ശേഷം കൃഷ്ണനെ വധിക്കാനായി കംസൻ നിയോഗിച്ചിരുന്ന കുവലയാപീഠം എന്ന മദയാനയെ വധിച്ചു .തുടർന്ന് കൃഷ്ണനെയും ബലരാമനെയും കൊല്ലാനായി കംസൻ നിയോഗിച്ച ചാണൂരൻ , മുഷ്ടികൻ തുടങ്ങിയ മല്ലന്മാരെ നിഷ്പ്രയാസം രാമകൃഷ്ണന്മാർ കൊന്നപ്പോൾ കംസൻ കോപിഷ്ഠനായി നന്ദഗോപനെ ബന്ധിച്ചു കൊണ്ടുവരിക , വസുദേവരെ വധിക്കുക എന്നൊക്കെ അലറി . എന്നിട്ടും ഫലമുണ്ടായില്ല . മരണം കംസനെ സമീപിച്ചുകൊണ്ടിരുന്നു . അടുത്തനിമിഷം കോപത്തോടെ കൃഷ്ണൻ കംസനെ ഒന്ന് നോക്കിയിട്ട് , കംസന്റെ അടുത്തേക്ക് ചാടിയെത്തി . കംസനെ മഞ്ചത്തിൽ നിന്നും താഴെ വീഴ്ത്തിയിട്ട് അയാളുടെ പുറത്തേക്കു കൃഷ്ണൻ ഊക്കിൽ ചാടി . തുടർന്ന് കംസന്റെ ശരീരത്തെ വലിച്ചുകൊണ്ടു നടന്നു . അപ്പോൾത്തന്നെ കംസൻ പ്രാണൻ വെടിഞ്ഞു . ഇത്തരത്തിൽ ഭയഭക്തിയിലൂടെ കംസൻ കൃഷ്ണസാരൂപ്യം നേടി . കൃഷ്ണന്റെ പന്ത്രണ്ടാം വയസ്സിൽ , ഒരു ശിവരാത്രി ദിവസമായിരുന്നു കംസവധം നടന്നത് .[ഭാഗവതം ദശമസ്കന്ധം അദ്ധ്യായം 44 ].
കുരുക്ഷേത്രയുദ്ധവും ഭഗവദ് ഗീതയുടെ അവതരണവും
പാണ്ഡവരും കൗരവരും തമ്മിലുള്ള യുദ്ധം ഒഴിവാക്കാൻ കഴിയാത്ത അവസ്ഥയിലെത്തിയപ്പോൾ കൃഷ്ണൻ തന്നെ ഇരുവരോടും താനേത് പക്ഷത്ത് ചേരണം എന്ന് തീരുമാനിക്കണം എന്നാവശ്യപ്പെട്ടു. കൃഷ്ണനുമായി ആത്മബന്ധം പുലർത്തിയിരുന്ന പാണ്ഡവർ നിരായുധനായ അദ്ദേഹത്തേയും, കൗരവർ അദ്ദേഹത്തിന്റെ സൈന്യത്തേയും തിരഞ്ഞെടുത്തു. യുദ്ധസമയത്ത് കൃഷ്ണൻ അർജ്ജുനന്റെ തേരാളിയായാണ് രംഗത്തിറങ്ങിയത്.
എന്നാൽ യുദ്ധസമയത്ത് തന്റെ മറുപക്ഷത്ത് യുദ്ധോത്സുകരായി നിൽക്കുന്ന ബന്ധുജനങ്ങളെ കണ്ട അർജ്ജുനൻ മനസ്താപത്തോടെ താൻ യുദ്ധത്തിനില്ലെന്നും, ബന്ധുജനങ്ങളുടെ രക്തമൊഴുക്കിക്കൊണ്ട് നേടുന്ന സൗഭാഗ്യങ്ങളൊന്നും തനിക്കുവേണ്ടെന്നും കൃഷ്ണനെ അറിയിക്കുന്നു. ഈ സമയത്ത് സ്വധർമ്മമനുഷ്ഠിക്കാൻ അർജ്ജുനനെ നിർബ്ബന്ധിച്ചുകൊണ്ട് കൃഷ്ണൻ ഉപദേശിച്ചതെന്നു കരുതപ്പെടുന്നതാണ് ശ്രീമദ് ഭഗവദ് ഗീത[24]
ഭഗവാൻ കൃഷ്ണന്റെ ജന്മോദ്ദേശം തന്നെ , ഭയങ്കരമായ യുദ്ധത്തിലൂടെ ഭൂമിയുടെ ഭാരത്തെ ഹരിക്കുക എന്നതായിരുന്നു . അതിനായിട്ടാണ് അദ്ദേഹത്തിൻറെ നേതൃത്വത്തിൽ കുരുക്ഷേത്രയുദ്ധം നടന്നത് . ഭയാനകമായ ഈ മഹായുദ്ധത്തിൽ മൊത്തം നൂറ്റി അറുപത്തിയാറ് കോടി ഇരുപതിനായിരം (1660020000 ) പേരാണ് കൊല്ലപ്പെട്ടത് .[മഹാഭാരതം , സ്ത്രീപർവ്വം , അദ്ധ്യായം 26 , ശ്ളോകം 9] . -(പതിനെട്ട് അക്ഷൗഹിണി ഉൾപ്പെടെയുള്ള കണക്കാണിത് . പതിനെട്ട് അക്ഷൗഹിണികളിൽ ഉൾപ്പെടാതെയും അനേകർ ഈ യുദ്ധത്തിൽ പങ്കെടുത്തിരുന്നു .) അത്തരത്തിൽ ഭൂമണ്ഡലത്തിലെ ദുഷ്ട ക്ഷത്രിയരെല്ലാം ഒടുങ്ങുകയും ലോകത്തിനും പ്രകൃതിക്കും രക്ഷയുണ്ടാവുകയും ചെയ്തു . കൃഷ്ണന് വാസ്തവത്തിൽ ബന്ധുവെന്നോ സ്വന്തമെന്നോ ആരുമില്ല . അദ്ദേഹത്തിന് അവതരിക്കേണ്ട ആവശ്യവുമില്ല . സർവതന്ത്ര സ്വതന്ത്രനായ അദ്ദേഹം ലോകത്തിന്റെ നന്മയെ ഉദ്ദേശിച്ചും ഭക്തരായ മുനിമാരെ അനുഗ്രഹിക്കാനുമായി ഓരോരോ അവതാരങ്ങളെടുക്കുന്നുവെന്ന് ഭഗവദ്ഗീതയിൽ പറയുന്നുണ്ട് . അർജ്ജുനനും പാണ്ഡവരും കൗരവരും മറ്റു യോദ്ധാക്കളും അദ്ദേഹത്തിൻറെ തന്നെ ഇച്ഛയാൽ ലോകത്തിൽ ഭൂഭാരഹരണാർത്ഥം ജന്മം കൊണ്ടവരാണ് . അവരെക്കൊണ്ട് ഭഗവാൻ തന്റെ ഉദ്ദേശം നേടിയെടുക്കുകയായിരുന്നു . തനിക്കും പാണ്ഡവർക്കും പ്രിയങ്കരരായ ഘടോൽക്കചനും അഭിമന്യുവുമൊക്കെ മരിച്ചിട്ടും കൃഷ്ണന് ഒരു സങ്കോചവുമുണ്ടാകാത്തതും അതുകൊണ്ടാണ് . ഉദ്ദേശം സാധ്യമാക്കിയ ശേഷം അദ്ദേഹം ബ്രാഹ്മണശാപമെന്ന കാരണമുണ്ടാക്കി ഭൂലോകം ഉപേക്ഷിച്ചു .അദ്ദേഹം ലോകമുപേക്ഷിച്ചു പോകുമ്പോൾ അദ്ദേഹത്തിന്റേതായി ഒന്നും ഭൂമിയിൽ ബാക്കിയുണ്ടായിരുന്നില്ല . [വിഷ്ണുപുരാണം , അംശം 5 , അദ്ധ്യായം 38 -വ്യാസവാക്യം ].
ഭഗവാൻ കൃഷ്ണന്റെ വാക്കുകൾ നോക്കുക . അർജ്ജുനനോട് അദ്ദേഹം ഇങ്ങനെ പറയുന്നു . ( ഭഗവദ്ഗീത -വിശ്വരൂപദർശനയോഗം , ശ്ളോകം 32 )
കാലോസ്മി ലോകക്ഷയകൃത്പ്രവൃദ്ധോ
ലോകാൻ സമാഹർത്തുമിഹ പ്രവൃത്തഃ
ഋതേ (അ )പി ത്വാം ന ഭവിഷ്യന്തി സർവ്വേ
യേ (അ ) വസ്ഥിതാഃ പ്രത്യനീകേഷു യോധാഃ
(ഭാഷാ അർത്ഥം ) ഞാൻ ലോകത്തെ നശിപ്പിക്കുന്ന കാലമാകുന്നു . ഇപ്പോൾ ലോകത്തെ സംഹരിക്കാനുള്ള പ്രവൃത്തിയിലാണ് വ്യാപൃതനായിരിക്കുന്നത് . യുദ്ധത്തിൽ നീ എതിരിടുന്ന യോദ്ധാക്കളിൽ നീയൊഴിച്ച് മറ്റാരും ശേഷിക്കുകയില്ല . ഇനി നീ യുദ്ധം ചെയ്തില്ലെങ്കിൽ പോലും ഈ നിൽക്കുന്ന യോദ്ധാക്കളിൽ ആരും ജീവനോടെ ശേഷിക്കുകയില്ല .
പിന്നീട് പറയുന്ന ഒരു ശ്ളോകത്തിൽ , മയൈവേതേ നിഹതേ പൂർവ്വമേവ - എന്നും ഭഗവാൻ പറയുന്നുണ്ട് ( ഭഗവദ്ഗീത -വിശ്വരൂപദർശനയോഗം , ശ്ളോകം 33 ) . അതായത്- "ഇവരെയെല്ലാം ഞാൻ നേരത്തെ തന്നെ കൊന്നു വിട്ടതാണ് " -എന്നാണു ഭഗവാൻ പറയുന്നത് . എന്നിട്ടു അർജ്ജുനനോട് യുദ്ധത്തിൽ പാപചിന്ത വേണ്ടെന്നും , അർജ്ജുനൻ വെറുമൊരു നിമിത്തം മാത്രമാണെന്നും കൃഷ്ണൻ പറയുന്നു . ( നിമിത്തമാത്രം ഭവ സവ്യസാചിൻ ) [ ഭഗവദ്ഗീത -വിശ്വരൂപദർശനയോഗം , ശ്ളോകം 33 ]
കൃഷ്ണനും അർജ്ജുനനും
ഭഗവാൻ കൃഷ്ണന്റെ ഉത്തമ സുഹൃത്തും സഹായിയും അർജ്ജുനനായിരുന്നു . ഇവർ തമ്മിലൊരു പൂർവ്വജന്മ ബന്ധമുണ്ടായിരുന്നതാണ് അതിനു കാരണം . സൃഷ്ടിയുടെ ഉൽപ്പത്തികാലത്തു , ധർമ്മദേവന്റെ കുലത്തിൽ മഹാവിഷ്ണു നാല് രൂപങ്ങളിൽ ധർമ്മദേവന്റെ മക്കളായി ജനിക്കുകയുണ്ടായി . ഹരി , കൃഷ്ണൻ , നരൻ , നാരായണൻ ഇങ്ങനെയാണ് ജന്മമെടുത്തത് . ഇവരിൽ നരനും നാരായണനും മഹാതപസ്വികളും ഹരിയും കൃഷ്ണനും മഹായോഗികളുമായിരുന്നു . ഈ ഋഷിമാർ ഈരണ്ടു പേർ വീതം ജോഡികളായി കഴിഞ്ഞുകൂടി . ഇവരിൽ നരനും നാരായണനുമാണ് അർജ്ജുനനും കൃഷ്ണനുമായി ജനിച്ചത് . [ദേവീ ഭാഗവതം , നാലാം സ്കന്ധം ] .നരൻ അർജ്ജുനനായും നാരായണൻ കൃഷ്ണനായും അവതരിച്ചു . നരനാരായണന്മാരിൽ നരൻ വെളുത്ത നിറമുള്ളവനും , നാരായണൻ കറുത്ത നിറമുള്ളവനും ആയിരുന്നെന്ന് പത്മപുരാണം , ഉത്തരഖണ്ഡം , അദ്ധ്യായം -2 ലായി കാണപ്പെടുന്നു . എന്നാൽ അർജ്ജുനൻ കൃഷ്ണനെപ്പോലെ തന്നെ കറുത്ത നിറമുള്ളവനായിരുന്നെന്നു മഹാഭാരതത്തിൽ പ്രത്യേകമായ പ്രസ്താവമുണ്ട് . തിളങ്ങുന്ന കറുത്ത വർണ്ണം കാരണം അർജ്ജുനനും കൃഷ്ണൻ എന്ന നാമം സിദ്ധിച്ചിരുന്നു . അർജ്ജുനനേയും കൃഷ്ണനേയും കൂടി ഒരുമിച്ചു " കൃഷ്ണന്മാർ " എന്നും വിളിക്കപ്പെടുന്നുണ്ട് . ഭൂലോകത്തിൽ മായാപുരുഷനായി ജനിച്ച കൃഷ്ണന് അദ്ദേഹത്തിൻറെ ഏറ്റവും അടുത്ത സഹായിയായി അർജ്ജുനൻ നിലകൊണ്ടു . കൃഷ്ണൻ എന്ത് പറഞ്ഞാലും അതുപോലെ ചെയ്യുന്ന ആളായിരുന്നു അർജ്ജുനൻ . സാത്യകിയെ രക്ഷിക്കാനായി ഭൂരിശ്രവസ്സിന്റെ കൈ അധാർമ്മികമായി മുറിക്കുവാൻ കൃഷ്ണൻ പറയുമ്പോൾ യാതൊരു സങ്കോചവുമില്ലാതെ അർജ്ജുനൻ അത് ചെയ്യുന്നതും അതുകൊണ്ടാണ് . അർജ്ജുനൻ കൃഷ്ണന്റെ ഉത്തമഭക്തനും ശിഷ്യനായിരുന്നു . കൃഷ്ണന്റെ മരണശേഷം ദ്വാരകയിലെത്തിയതും അദ്ദേഹത്തിൻറെ മരണാനന്തര കർമ്മങ്ങൾ നിര്‍വഹിച്ചതും അർജുനനായിരുന്നു .
കൃഷ്ണഭാര്യമാരുടെ തത്ത്വം
രുക്മിണി, സത്യഭാമ, ജാംബവതി, കാളിന്ദി, മിത്രവിന്ദ, സത്വ, ഭദ്ര, ലക്ഷണ, ഇവരാണ് കൃഷ്ണന്റെ പ്രധാന പത്നിമാർ . കൂടാതെ നരകാസുരന്റെ അധീനതയിൽ നിന്നും മോചിപ്പിച്ച പതിനാറായിരം പേരും ചേർന്ന് പതിനാറായിരത്തി എട്ട്.
കൃഷ്ണോപനിഷത്തിലെ പ്രസ്താവന ഒന്ന് ശ്രദ്ധിക്കാം
അഷ്ടാവഷ്ട സഹസ്രേ ദ്വേ ശതാധിക്യ സ്ത്രിയസ്തഥാ
ഋചോപനിഷദസ്താ വൈ ബ്രഹ്മരൂപാ ഋചഃ സ്ത്രിയഃ [കൃഷ്ണോപനിഷത്ത് ശ്ളോകം 13 ]
(ഭാഷാ അർത്ഥം ) ഭഗവാൻ കൃഷ്ണന്റെ പതിനാറായിരത്തി ഒരുന്നൂറ്റിയെട്ട് ഭാര്യമാർ വേദത്തിലെ പ്രധാനമായ പതിനാറായിരം ഋക്കുകളും , 108 ഉപനിഷത്തുക്കളുമാകുന്നു . ഗോപികമാർ ബ്രഹ്മസ്വരൂപിണികളായ (അപ്രധാനങ്ങളായ) വേദ ഋക്കുകളുമാകുന്നു.
മറ്റൊരു ശ്ളോകം ഇങ്ങനെ പറയുന്നു .
ഗോലോകം വന വൈകുണ്ഠം താപസാസ്തത്ര തേ ദ്രുമാഃ
ലോഭ ക്രോധാദയോ ദൈത്യാ കലികാലസ്ഥിരസ്കൃതാഃ [കൃഷ്ണോപനിഷത്ത് ശ്ളോകം 9 ]
(ഭാഷാ അർത്ഥം ) ഗോലോകം അഥവാ കൃഷ്ണന്റെ വൃന്ദാവനം വൈകുണ്ഠം തന്നെയാകുന്നു . വൃക്ഷങ്ങളുടെ രൂപത്തിൽ നിൽക്കുന്നത് താപസന്മാരാണ് . ലോഭ -ക്രോധാദികളായ ദുർവ്വികാരങ്ങളാണ് അസുരന്മാർ . ഈ ദോഷങ്ങളാകട്ടെ കലികാലത്തിൽ നാമജപത്താൽ നശിക്കുന്നു .
മറ്റൊരു ശ്ളോകം ഇങ്ങനെ പറയുന്നു .
നിഗമോ വസുദേവോയോ വേദാർത്ഥ കൃഷ്ണരാമയോ [കൃഷ്ണോപനിഷത്ത് ശ്ളോകം 6 ]
(ഭാഷാ അർത്ഥം )വേദങ്ങളാണ് വസുദേവനായത് . വേദങ്ങളുടെ പരമതത്വമായ പരബ്രഹ്മം കൃഷ്ണനും ബലരാമനായി ബ്രഹ്മജ്ഞാനവും ജനിച്ചു .
ഇതിൽ നിന്നും വേദങ്ങളാൽ പുകഴ്ത്തപ്പെടുന്ന ഈശ്വരനാണ് കൃഷ്ണനായി ജനിച്ചതെന്നും , ഈശ്വരനെ ആശ്രയിച്ചു നിൽക്കുന്ന വേദ ഋക്കുകളാണ് കൃഷ്ണന്റെ പത്നിമാരെന്നും കാണാം . ഉപനിഷത്തുക്കളിലെ ഭക്തിപ്രധാനങ്ങളായ 8 ഉപനിഷത്തുക്കളാണ് ശ്രീകൃഷ്ണന്റെ എട്ടു പ്രധാന പത്നിമാരായി വ്യാസമുനി പറയുന്നത് .
വ്യക്തിഗതമായ താല്പര്യങ്ങള് നേടാന്‍ വേണ്ടി മതം മാറുകയും രാഷ്ട്രീയപാര്‍ട്ടി മാറുകയും മറ്റൊരു രാജ്യത്തിന്റെ പൗരത്വം സ്വീകരിക്കുകയും എല്ലാം ചെയ്യാറുണ്ട് പലരും. അങ്ങനെ ഒരു കൂട്ടരുണ്ട്. മറ്റൊരു വിഭാഗം ഉണ്ട്, അവര്‍ക്ക് തങ്ങള്‍ വിശ്വസിക്കുന്ന മതത്തെക്കാള്‍ ശ്രേഷ്ഠമായത് എന്തോ മറ്റൊരു മതത്തില്‍ ഉണ്ടെന്ന് തോന്നാറുണ്ട്. അങ്ങനെയുള്ളവര്‍ക്ക് ആശയക്കുഴപ്പവും ആന്തരികസംഘര്‍ഷവും ഉണ്ടാകുന്നു. മതം മാറണമോ? മാറിയാല്‍ സ്വസമുദായത്തില്‍ നിന്ന് പുറംതള്ളപ്പെടില്ലേ? ഇത്രയും നാള് വിശ്വസിച്ച ആദര്‍ശങ്ങളില്‍ നിന്ന് എങ്ങനെയാണ് മറ്റൊന്നിലേയ്ക്ക് മാറാന്‍ സാധിക്കുക? എന്നിങ്ങനെ ആശയക്കുഴപ്പവും ആന്തരികസംഘര്‍ഷവും അനുഭവിക്കുന്ന അനവധി ആളുകള്‍ സമൂഹത്തിലുണ്ട്. എന്തിനാണ് സ്വയം ഇങ്ങനെ അസ്വസ്ഥമാകുന്നത്. നിയമപരമായോ ഔദ്യോഗികമായോ ഒരാള്‍ തന്റെ മതത്തില്‍ നിന്നോ തന്റെ രാജ്യത്തില്‍ നിന്നോ മറ്റൊരു പേരിലേയ്ക്കു മാറി എന്നും പറഞ്ഞ് അയാളുടെ സംസ്ക്കാരം മാറാന്‍ പോകുന്നില്ല. സംസ്ക്കാരം രൂപപ്പെടുന്നത് പേരുമാറുന്നതോടൊപ്പം സംഭവിക്കുന്ന ദ്രുതചലനം അല്ല. അത് കാലങ്ങള്‍കൊണ്ടു സംഭവിക്കുന്നതാണ്. അതിനാല്‍ നമുക്ക് മറ്റൊരു സംസ്ക്കാരത്തിന്റെ അടയാളങ്ങളായ ഏതെങ്കിലും പ്രാര്‍ത്ഥനയിലോ ആചാരങ്ങളിലോ മന്ത്രങ്ങളിലോ ജപങ്ങളിലോ ധ്യാനത്തിലോ ഗ്രന്ഥങ്ങളിലോ ഗുരുക്കന്മാരിലോ ആശ്രമങ്ങളിലോ ആചാരങ്ങളിലോ നാമങ്ങളിലോ രൂപങ്ങളിലോ താല്പര്യം തോന്നുന്നു എങ്കില്‍ സ്വന്തം സംസ്ക്കാരത്തില്‍ അടിയുറച്ചു നിന്നു കൊണ്ടു തന്നെ പുതിയതിനെ കൂടി സ്വീകരിക്കുകയാണ് വേണ്ടത്. അത് കൊട്ടിഘോഷിക്കേണ്ട ആവശ്യവും വരുന്നില്ല. സ്വീകരണവും നിരാകരണവും നടക്കുന്നത് അവനവന്റെ അന്തരംഗത്തിലാണ്. അത് ലോകം അറിയേണ്ടകാര്യമില്ല. ഇപ്പോള്‍ വിശ്വസിക്കുന്ന മതങ്ങളില്‍ നമുക്ക് എന്തെങ്കിലും കുഴപ്പങ്ങള്‍ ഉള്ളതായി തോന്നിയാല്‍ ആയതിനെ സ്വന്തം മനസ്സില്‍ നിന്ന് പുറംതള്ളിയും പുതുതായി കിട്ടുന്ന ആദര്‍ശങ്ങളുടെ നന്മകളെ സ്വീകരിച്ചും സ്വയം നവീകരിക്കുകയുമാണ് അഭികാമ്യം. അതിലൂടെ നമ്മളും വളരും, നമ്മിലൂടെ നാം വിശ്വസിക്കുന്ന നിലവിലുള്ള മതവും സംസ്ക്കരിക്കപ്പെടും. തിന്മയെയും പാരതന്ത്ര്യത്തെയും സ്വയം അറിഞ്ഞ് തിരസ്ക്കരിക്കുകയും നന്മയെയും സ്വാതന്ത്ര്യത്തെയും സ്വയം അറിഞ്ഞ് സ്വീകരിക്കുകയും ചെയ്യുന്നിടത്താണ് സംസ്ക്കാരം ഉയര്‍ച്ചയെ പ്രാപിക്കുന്നത്. ഇത് നമ്മുടെ ആന്തരികമായ ചലനമാണ്, സംസ്ക്കാരം ആന്തരികമായതിനാല്‍ അതിനെ തടഞ്ഞുനിര്‍ത്തി കളങ്കപ്പെടുത്താന്‍ പുറത്തുനിന്ന് ഒരു ശക്തിക്കും സാധിക്കില്ല. അതിനാല്‍ നാം ജനിച്ചു വളര്‍ന്ന മതത്തില്‍ നിന്ന് മറ്റൊന്നിലേയ്ക്ക് മാറുക എന്ന ചിന്ത ഒരു മതവിഭാഗക്കാരും ചിന്തിക്കാതിരിക്കുകയാണ് വേണ്ടത്. പകരം സ്വന്തം മതത്തില്‍ സ്വയം വിപരീതമായതിനെ ഉപേക്ഷിച്ചും അനുകൂലമായതിനെ നിലനിര്‍ത്തിയും മറ്റൊന്നില്‍ നിന്നു കിട്ടുന്ന അനുകൂലമായവയെ കൂടി ഉള്‍പ്പെടുത്തിയും പരിഷ്ക്കരിക്കണം.
ReplyDeleteജാതിവ്യവസ്ഥിതിയിലെ ആനാചാരങ്ങളെ എപ്രകാരമാണോ ഇല്ലാതാക്കിയത് അതു പോലെതന്നെ ഇപ്പോള്‍ കാണുന്ന മതങ്ങളുടെ പേരിലുള്ള അവകാശവാദങ്ങളും അതാതു മതങ്ങളുടെ കുഴപ്പങ്ങളും അതാതു സംസ്ക്കാരത്തിലുള്ളവര് തന്നെ പരിഷ്ക്കരിക്കണം. മതങ്ങളുടെ നിയന്ത്രണത്തില്‍ നിന്നും സ്വന്തം ആന്തരിക സംസ്ക്കാരത്തെ സ്വയം അടര്‍ത്തിമാറ്റുക. എന്നിട്ട് നല്ല വശങ്ങളെ നിലനിര്‍ത്തിയും നല്ലതിനെക്കൂടി സ്വീകരിച്ചും സ്വയം പരിഷ്ക്കരിച്ച് അത് സ്വന്തം മക്കളിലൂടെ സംക്രമിക്കട്ടെ.
സ്വതന്ത്രമായ ആദ്ധ്യാത്മികതയെ മാറോടു ചേര്‍ത്തുവയ്ക്കുക. മതങ്ങളുടെ ഭയപ്പെടുത്തലുകളില്‍ നിന്നും മതങ്ങളുടെ അധികാരനിയന്ത്രണങ്ങളില് നിന്നും വ്യക്തിയെയും കുടുംബത്തെയും സ്വതന്ത്രരാക്കുക. ഈ സ്വാതന്ത്ര്യം ആന്തരികമാണ്. സംസ്ക്കാരവും അതെ.